Kerala
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്.
പുലർച്ചെ 2.38ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്സ് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിളിച്ചു. ഉച്ചയ്ക്ക് 2.35ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനവും റദ്ദാക്കി. വൈകുന്നേരം 5.20ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും റദ്ദാക്കി.
ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണമായും നിര്‍ത്തിവച്ചു.6.20ന് ദുബായിലേക്കുള്ള വിമാനം, രാത്രി 9.50ന് റാസൽഖൈമയിലേക്കുള്ള വിമാനം, രാത്രി 10.50ന് അബുദാബിയിലേക്കുള്ള വിമാനവും ഇൻഡിഗോ റദ്ദാക്കി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്.
സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രധാന ഗൾഫ് സർവീസുകളും റദ്ദാക്കി.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് എയർ ഇന്ത്യ അറിയിച്ചു.
സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങിയിരിക്കുകയാണ്. യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു.
പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
NRI
റിയാദ്: വാൽമീകി രാമായണത്തിന്റെ പുനർവായനയിലൂടെ അടുത്ത കാലത്ത് സജീവ ചർച്ചയ്ക്ക് വിധേയമായ ഡോ. ടി.എസ്. ശ്യാം കുമാർ എഴുതിയ "ആരുടെ രാമൻ' എന്ന കൃതിയുടെ വായന പങ്കുവച്ചുകൊണ്ട് ചില്ലയുടെ നവംബർ വായനയ്ക്ക് ശശി കാട്ടൂർ തുടക്കം കുറിച്ചു.
വാൽമീകി രാമായണം, മഹാഭാരതം, അദ്വൈതവേദാന്തം, അര്‍ഥശാസ്ത്രം, താന്ത്രികവിദ്യ, ധർമശാസ്ത്രങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെയും വേദാന്ത പാഠപാരമ്പര്യങ്ങളെ വിമർശനാത്മമായി പരിശോധിക്കുന്ന കൃതിയുടെ വായന അദ്ദേഹം നിർവഹിച്ചു.
2025ലെ വയലാർ അവാർഡ് നേടിയ ഇ. സന്തോഷ് കുമാർ രചിച്ച തപോമയിയുടെ അച്ഛൻ എന്ന നോവലിന്റെ വായനാസ്വാദനം ജോമോൻ സ്റ്റീഫൻ പങ്കുവച്ചു. അഭയാർഥി ജീവിതങ്ങളെ പശ്ചാത്തലമാക്കി മനുഷ്യ ബന്ധങ്ങളുടെ സങ്കീർണവും സവിശേഷവുമായ ജീവിതാവസ്ഥയുടെ കഥ പറയുന്ന നോവൽ വായിക്കാനുള്ള താല്പര്യം ശ്രോതാക്കൾക്ക് പകർന്നു നൽകാൻ ജോമോൻ സ്റ്റീഫന്‍ കഴിഞ്ഞു.
വി. ഷിനിലാൽ എഴുതിയ "സമ്പർക്കക്രാന്തി' നോവലിന്റെ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവച്ചു. വർത്തമാനകാല ഇന്ത്യയിലെ യാഥാർഥ്യങ്ങളെ വരച്ചു കാട്ടാൻ ഷിനിലാലിന് കഴിഞ്ഞെന്ന് നജീം പറഞ്ഞു.
ബംഗാളിലെ രാഷ്ടീയ മാറ്റവും അതിന് കാരണവുമായി ഭവിച്ച സിംഗൂർ നന്ദിഗ്രാം സമരങ്ങളുടെ പശ്ചാത്തലത്തിൽ മിഥുൻ കൃഷ്ണ രചിച്ച "അപര സമുദ്ര' എന്ന നോവലിന്റെ വായനുഭവം സതീഷ് കുമാർ വളവിൽ നിർവഹിച്ചു.
വായനയ്ക്ക് ശേഷം നടന്ന ചർച്ചയ്ക്ക് വിപിൻ കുമാർ തുടക്കം കുറിച്ചു. സബീന എം. സാലി, ഷബി അബ്ദുൽ സലാം, ഫൈസൽ കൊണ്ടോട്ടി, മുഹമ്മദ് ഇക്ബാൽ വടകര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്ന പരിപാടിയിൽ നാസർ കാരക്കുന്ന് ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. ഇന്നു വൈകുന്നേരം യാത്രതിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്ന് വരെ വിവിധ തീയതികളിൽ യാത്ര ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും പേഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി നല്‍കിയിരിക്കുന്നത്. അതേസമയം സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിൽ സന്ദര്‍ശിക്കുന്നതിന് നേരത്തെ തന്നെ അനുമതി ആയിരുന്നു.
ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ഒൻപത് വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. ബഹ്റൈനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. വ്യാഴാഴ്ച ബഹ്റൈനിൽ പ്രവാസി മലയാളി സംഗമത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന് പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം.
അതിന് ശേഷം സൗദി യാത്ര തീരുമാനിച്ചെങ്കിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യാത്ര ഷെഡ്യൂളിലും മാറ്റം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
22ന് മസ്കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയിൽ പങ്കെടുക്കും. 25ന് സലാലയിലെ പരിപാടിയിലും പങ്കെടുക്കും. അതിന് ശേഷം 26ന് കൊച്ചിയിലെത്തി 28ന് രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം.
30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തും. തുടർന്ന് നവംബർ അഞ്ചിന് കുവൈറ്റിലേക്ക് പോകും. കുവൈറ്റിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി അബുദാബിയിലെത്തും.
അബുദാബിയിലും മുഖ്യമന്ത്രി വിവിധ പരിപാടികളിൽ സംബന്ധിക്കും. അഞ്ചു ദിവസം മുഖ്യമന്ത്രി അബുദാബിയിൽ ഉണ്ടാകും. മകൻ വിവേക് കിരൺ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.